നേപ്പാള്‍ പൗരയും, നാഗാലാന്‍ഡില്‍ താമസക്കാരിയുമായ യുവതിയെ ഖത്തറില്‍ വെച്ച് വിവാഹവാഗ്ദാനം നല്‍കി ലൈംഗികപീഢനം നടത്തുകയും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും വിവാഹാവശ്യം ഉന്നയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ എടത്തുരുത്തി പുളിഞ്ചോട് അബ്ദുള്‍ ഹക്കീം എന്നവരുടെ ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി. പി. സെയ്തലവി ഉത്തരവായി.
2022 ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഖത്തറില്‍ ജോലി ചെയ്യുന്ന പ്രതി അവിടെത്തന്നെ ജോലി ചെയ്യുന്ന യുവതിയുമായി പരിചയപ്പെടുകയും, തുടര്‍ന്ന് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കിയ പ്രതി ടിയാന്‍ താമസിക്കുന്ന ഖത്തറിലെ മുറിയില്‍ കൊണ്ടുപോയി ലൈംഗിക പീഢനം നടത്തുകയായിരുന്നു. അതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിക്കുകയും അതിനു ശേഷം വിവാഹാവശ്യം ഉന്നയിച്ച യുവതിയെ കാര്യങ്ങള്‍ സംസാരിക്കാമെന്നു പറഞ്ഞ് സുഹൃത്ത് മുഖേനെ കേരളത്തിലേക്ക് വിളിച്ചു വരുത്തി വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുകയും, യുവതിയുടെ അഭിമാനം ചോദ്യം ചെയ്യുന്ന രീതിയില്‍ പെരുമാറുക യുമായിരുന്നു.
അതിനെ തുടര്‍ന്ന് യുവതി അഭിഭാഷകയുടെ സഹായത്തോടെ കയ്പമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുണ്ടായി. അതറിഞ്ഞ പ്രതി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. യുവതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് അവകാശപ്പെടുന്നതിനാല്‍ അതു സംബന്ധിച്ച കൂടുതല്‍ രേഖകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും, കേസന്വേ ഷണം പൂര്‍ത്തിയായിട്ടില്ലെന്നും അതിജീവിതയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതിനാലാണ് അതിജീവിത ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കിയതെന്നും അപ്രകാരമുള്ള സമ്മതം പരിഗണിക്കാന്‍ കഴിയില്ലെ ന്നുമുള്ള പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.