തൃശൂർ: ആഗോള അയ്യപ്പ സംഗമമെന്ന പേരിൽ നടത്തിയ നിഷ്ഫലവും അനാവശ്യവുമായ ധൂർത്തിന് ദേവസ്വം ബോർഡ് 8.22 കോടി രൂപ അനുവദിച്ച നടപടിയെ ബി ജെ പി ദേശീയ നിർവ്വാഹകസമിതി അംഗം കുമ്മനം രാജശേഖരൻ ശക്തിയായി അപലപിച്ചു. അനുവദിച്ച തുകയിൽ 4.11 കോടി ക. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിക്കഴിഞ്ഞു. സംഗമത്തിന് സർക്കാരിന്റെയോ ദേവസ്വത്തിന്റെയോ പണം ഉപയോഗിക്കുകയില്ലെന്ന് ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയിട്ടുള്ളതാണ്. അതിനെ മറികടന്ന് ദേവസ്വം ഫണ്ട് ചെലവിട്ടത് കോർട്ടലക്ഷ്യമാണ്. മാത്രവുമല്ല, ബോർഡിന്റെ സർപ്ളസ്
ഫണ്ട് ക്ഷേത്ര ആവശ്യങ്ങൾക്കു മാത്രമേ ചെലവാക്കാൻ പാടുള്ളുവെന്ന് നിബന്ധനയുണ്ട്.
ഭക്ത ജനങ്ങൾ വഴിപാടായും കാണിക്കയായും വിശ്വാസപൂർവ്വം സമർപ്പിക്കുന്ന പണം സർക്കാരിന്റെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന ഒരു മേളക്ക് വേണ്ടി ചെലവഴിക്കുന്നത് ക്ഷേത്ര നിന്ദയും ഭക്തജനദ്രോഹവുമാണ്. ബോർഡ് ഉത്തരവ് പിൻവലിച്ച് പണം സൊസൈറ്റിയിൽ നിന്നും തിരിച്ചു പിടിക്കണം. ഫണ്ടിന്റെ ദൗർലഭ്യം മൂലം ക്ഷേത്രങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ല.
സാമ്പത്തിക ബുദ്ധിമുട്ടു അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ സിപിഎമ്മിന്റെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി േക്ഷത്ര ഫണ്ടിൽ നിന്നും 8 .22 കോടി രൂപ ചെലവിടുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന് കുമ്മനം രാജശേഖരൻ ചൂണ്ടിക്കാട്ടി.





