തൃശ്ശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സിപിഎം ധാരണ എന്ന കെ മുരളീധരന്റെ പ്രസ്താവന പരാജയഭീതിയിൽ നിന്ന് ഉണ്ടായതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ കെ അനീഷ് കുമാർ. തോൽവി മുൻകൂട്ടി കണ്ടു ജാമ്യമെടുക്കലാണ് മുരളീധരൻ നടത്തുന്നത്. കരുവന്നൂർ കേസ് ഉൾപ്പെടെ സിപിഎമ്മിന്റെ തട്ടിപ്പുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള പാർട്ടിയാണ് ബിജെപി. കേന്ദ്രസർക്കാറിന്റെ സമയോചിതമായ ഇടപെടലാണ് കരുവന്നൂർ കേസിൽ യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നത്. സംസ്ഥാനത്ത് പിണറായി സർക്കാരിൻറെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടുനിൽക്കുന്നത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ്. ദേശീയതലത്തിൽ കോൺഗ്രസും സിപിഎമ്മും സഖ്യമായി മത്സരിക്കുന്നതിന്റെ ജാള്യത മറക്കാനാണ് കേരളത്തിൽ ബിജെപി-സിപിഎം ബന്ധമെന്ന നുണപ്രചരണം നടത്തുന്നതെന്നും അനീഷ്കുമാർ പറഞ്ഞു.





