വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിനിടെ വയനാട്ടിലെ സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയോട് ബൈ പറഞ്ഞ് സോഷ്യൽ മീഡിയ. വയനാട്ടിലെ ജനങ്ങൾക്ക് രാഹുലിനെ ഇനി വേണ്ടെന്ന സൂചന നൽകുന്ന ഹാഷ്ടാഗാണ് എക്സിൽ ഇപ്പോൾ ട്രെൻഡിംഗ് ആകുന്നത്. വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ ജനങ്ങൾ സ്വാഗതം ചെയ്യുന്നുമുണ്ട്. #വെൽകം കെഎസ് ബൈ ബൈ രാഗാ ( #WelcomeKSByeByeRaGa ) എന്ന ഹാഷ്ടാഗാണ് എക്സിൽ ട്രെൻഡിഗ് ആയിരിക്കുന്നത്. എക്സിന്റെ ട്രെൻഡിംഗ് ലിസ്റ്റിൽ അഞ്ചാമതാണ് ഈ ഹാഷ്ടാഗിന്റെ സ്ഥാനം. വയനാട്ടിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് ഈ ഹാഷ്ടാഗ് നൽകുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് മണ്ഡലത്തിൽ പ്രചാരണം തുടർന്നെങ്കിലും സ്ഥാനാർത്ഥിയായ രാഹുൽ മണ്ഡലത്തിൽ കാല് കുത്തിയിട്ടില്ല. അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ എത്തിയ കെ. സുരേന്ദ്രൻ നാടിന്റെ മനസ്സറിഞ്ഞ് പ്രചാരണം നടത്തുന്നുമുണ്ട്. ഇതിനിടെയാണ് എക്സിൽ ഹാഷ്ടാഗ് ട്രെൻഡിംഗ് ആയിരിക്കുന്നത്. അരലക്ഷത്തിലധികം പേരാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ചത്. ഇതേ ട്രെൻഡ് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തൽ.
