Kerala News

സംസ്ഥാനത്ത് കനത്ത ചൂട്; ഇടുക്കിക്ക് ഓറഞ്ച് അലർട്ട്, മൂന്ന് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ഇടുക്കി ജില്ലയ്ക്ക് അതീവ ജാഗ്രത മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. യു വി ഇൻഡെക്സ് ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇടുക്കിയിലാണ്. മൂന്നാറിൽ യു വി ഇൻഡെക്സ് 8 ആയി ഉയർന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ യു വി ഇൻഡെക്സ് 6 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് വർധിക്കുന്നതിനനുസരിച്ച് യു വി സൂചികയും ഉയരുന്നുവെന്നാണ് മുന്നറിയിപ്പ്.

തുടർച്ചയായി അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് പകൽ 10 മുതൽ 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കണം. പുറം ജോലിക്കാർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രികർ, വിനോദസഞ്ചാരികൾ, കാൻസർ രോഗികൾ, ത്വക്ക്-നേത്ര രോഗങ്ങളുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തിറങ്ങുന്നവർ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവൻ മറയ്ക്കുന്ന പരുത്തി വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *