ലേബർ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ നിയമങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. ബുധനാഴ്ച അർധരാത്രി 12 മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക്. സിഐടിയു ഉൾപ്പെടെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ ചേർന്ന് നടത്തിയ ആഹ്വാനത്തിൽ കേരളം മുഴുവൻ സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കളുടെ വിലയിരുത്തൽ.
പണിമുടക്കിന്റെ ഭാഗമായി രാജ്യത്തുടനീളം ആയിരത്തിലധികം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കേരളത്തിൽ മാത്രം 500 കേന്ദ്രങ്ങളിൽ റാലികളും ധർണ്ണകളും നടക്കും. തൊഴിൽ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി ബിൽ–വിത്ത് ഭേദഗതി ബില്ലുകൾ പിൻവലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപക–വിദ്യാർഥി സംഘടനകൾ, കർഷക–തൊഴിലാളി സംഘടനകൾ, മഹിളാ–യുവജന സംഘടനകൾ തുടങ്ങിയവയും സമരത്തിന്റെ ഭാഗമാകും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങൾ യാത്രകളും വ്യാപാര പ്രവർത്തനങ്ങളും ഒഴിവാക്കി സഹകരിക്കണമെന്നും സമരസമിതി നേതാക്കൾ അഭ്യർത്ഥിച്ചു.





