Kerala News

ന്യൂനമർദ്ദം; സംസ്ഥാനത്ത് നാല് ദിവസം കൂടി മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ നേരിയതും ഇടത്തരം തോതിലുമുള്ള മഴ ലഭിക്കാമെന്നാണ് പ്രവചനം.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുകയാണ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയും തുടർന്ന് ക്രമേണ വടക്കുകിഴക്കോട്ട് തിരിഞ്ഞ് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിൽ തന്നെ തുടരാനുമാണ് സാധ്യത.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ശ്രീലങ്കൻ തീരപ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതോടെ കടൽക്ഷോഭത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ കണക്കിലെടുത്ത് ദുരന്തനിവാരണ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് മഴ തുടരുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *