മലേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ബോർണിയോ ദ്വീപിലെ സബാഹ് സംസ്ഥാനത്ത് തിങ്കളാഴ്ച പുലർച്ചെയാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം, തീരദേശ നഗരമായ കോട്ട കിനബാലുവിന് ഏകദേശം 100 കിലോമീറ്റർ വടക്കുകിഴക്കായി, 619.8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്.
പുലർച്ചെ 12.57 (GMT 1657) നാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഇതുവരെ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നും സ്ഥിരീകരിച്ചു.
സബയുടെ പടിഞ്ഞാറൻ തീരത്തും സരാവക് സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൂടാതെ, സമീപ രാജ്യമായ സിംഗപ്പൂരിലും ചില പ്രദേശങ്ങളിൽ നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി സാമൂഹ്യമാധ്യമങ്ങളിലൂടെ താമസക്കാർ പങ്കുവച്ചു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് മലേഷ്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ പഠനത്തിൽ പെനിൻസുലർ മലേഷ്യയിലെ പഹാങ്, തെരെങ്കാനു, പെരാക്, നെഗേരി സെമ്പിലാൻ എന്നീ സംസ്ഥാനങ്ങളും ബോർണിയോയിലെ സബാഹ്, സരാവക് സംസ്ഥാനങ്ങളും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളാണെന്ന് ജിയോളജിക്കൽ ഏജൻസി കണ്ടെത്തിയിരുന്നു.





