കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 2,280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്റെ വില 1,20,640 രൂപയായി. ഗ്രാമിന് 285 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 15,080 രൂപയായി. ഇന്നലെ രാവിലെ 360 രൂപ കുറഞ്ഞ സ്വർണവില വൈകീട്ടോടെ വീണ്ടും 1,760 രൂപ ഇടിഞ്ഞിരുന്നു. ഇതോടെ ഒരു ദിവസത്തിനുള്ളിൽ തന്നെ രണ്ടായിരത്തിലധികം രൂപയുടെ ഇടിവാണ് ഉണ്ടായത്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് സ്വർണവിലയിൽ നേരത്തെ വൻ കുതിപ്പുണ്ടായിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണം വ്യാപകമായി വാങ്ങുന്നതും വിലയിൽ പ്രതിഫലിച്ചിരുന്നു. ഇസ്രയേലും യുഎസും ചേർന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെ പവന് രണ്ട് തവണയായി 5,240 രൂപ ഉയർന്നിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ ഉണ്ടായ റെക്കോർഡ് വില. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്.





