India News

ഇന്ത്യയിൽ നിന്ന്ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ചു; ഇന്ന് 58 പ്രത്യേക സർവീസുകൾ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് നിയന്ത്രിത വ്യോമാതിർത്തികൾ ഒഴിവാക്കി ദീർഘദൂരവും അൾട്രാ-ലോങ്ങ് റൂട്ടുകളും ഉപയോഗിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ചു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാൻ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ഉൾപ്പെടെ ആകെ 58 വിമാനങ്ങൾ ഇന്ന് ഗൾഫുമായി ബന്ധപ്പെട്ട് പ്രത്യേക സർവീസുകൾ നടത്തും. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 24 സർവീസുകളാണ് ഇന്ത്യൻ കമ്പനികൾ നടത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ എമിറേറ്റ്‌സും ഇത്തിഹാദും ചേർന്ന് ഗൾഫിൽ നിന്ന് ഒമ്പത് സർവീസുകളും നടത്തി.

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യമെന്നും വിദേശ ഏജൻസികളുമായും ഇന്ത്യൻ മിഷനുകളുമായും ചേർന്ന് ഏകോപിതമായി പ്രവർത്തിക്കുന്നുവെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. റീഫണ്ട്, ടിക്കറ്റ് പുനഃക്രമീകരണം എന്നിവയിൽ യാത്രക്കാർക്ക് തടസ്സമില്ലാതെ സഹായം നൽകാൻ എയർലൈൻ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. റൂട്ടുകൾ മാറുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്കുകൾ അമിതമായി ഉയരുന്നത് തടയാൻ കർശനമായ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈൻസുമായി ബന്ധപ്പെട്ടു ഫ്ലൈറ്റ് സ്റ്റാറ്റസ് സ്ഥിരീകരിക്കണമെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *