തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പ്രതീക്ഷകളും ആവേശവും നിറച്ച് ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകൾ നാളെ (മാർച്ച് 5) ആരംഭിക്കും. പ്ലസ് ടു പരീക്ഷകൾ മാർച്ച് 6 വെള്ളിയാഴ്ച തുടക്കം കുറിക്കും. പരീക്ഷകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതും. ഹയർ സെക്കൻഡറിയിൽ പ്ലസ് വണ്ണിന് 4,11,025 പേരും പ്ലസ് ടുവിന് 4,52,437 പേരുമാണ് പരീക്ഷയ്ക്ക് എത്തുന്നത്.
ഗൾഫ് മേഖലയിലെയും ലക്ഷദ്വീപിലെയും കേന്ദ്രങ്ങളിലുമുള്ള ഒരുക്കങ്ങൾ പൂർത്തിയായെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫ് മേഖലയിലെ പരീക്ഷകൾ താൽക്കാലികമായി മാറ്റിവെച്ചിട്ടുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും പരീക്ഷകൾ നിശ്ചിത സമയക്രമത്തിൽ തന്നെ നടക്കും. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 5 മുതൽ 30 വരെയും, പ്ലസ് വൺ മാർച്ച് 5 മുതൽ 27 വരെയും, പ്ലസ് ടു മാർച്ച് 6 മുതൽ 28 വരെയും നടത്തും. ഏകദേശം 26,000 അധ്യാപകരെ ഇൻവിജിലേറ്റർമാരായി നിയോഗിച്ചിട്ടുണ്ടെന്നും ഏപ്രിൽ 7 മുതൽ മൂല്യനിർണ്ണയം ആരംഭിച്ച് എസ്.എസ്.എൽ.സി ഫലം മെയ് മൂന്നാം വാരത്തോടെയും പ്ലസ് ടു ഫലം മെയ് 22ഓടെയും പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.





