തിരുവനന്തപുരം: ഭൂസേവന രംഗത്ത് വലിയ മുന്നേറ്റവുമായി കേരളത്തിന്റെ ‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ മിഷൻ 10 ലക്ഷം ഹെക്ടർ സർവെയെന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുന്നു. 2023 ഓഗസ്റ്റിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇതിനകം 68.40 ലക്ഷം ലാൻഡ് പാർസലുകളിൽ നിന്നായി 9.75 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവെ പൂർത്തിയാക്കിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന ഡിജിറ്റൽ റീസർവേയും വിവിധ വകുപ്പുകളിലെ ഭൂസേവനങ്ങളുടെ ഏകീകരണവും വഴി ഭൂഭരണ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാകുകയാണ്. 600 വില്ലേജുകളിൽ ആരംഭിച്ച സർവെയിൽ 365 വില്ലേജുകളിൽ ഫീൽഡ് സർവെ പൂർത്തിയാക്കി നിയമപ്രകാരമുള്ള വിജ്ഞാപനങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
‘എന്റെ ഭൂമി – ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (ILIMS)’ വഴി ഭൂസേവനങ്ങൾ ഏകജാലക സംവിധാനത്തിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതും പദ്ധതിയുടെ പ്രധാന നേട്ടമാണ്. ഇതിനകം 175 വില്ലേജുകളിൽ ഈ സംവിധാനം നടപ്പിലാക്കി 5000-ത്തിലധികം ഭൂമി കൈമാറ്റങ്ങൾ പ്രീമ്യൂട്ടേഷൻ സ്‌കെച്ച് സഹിതം പൂർത്തിയാക്കിയിട്ടുണ്ട്. മുമ്പ് 26 വർഷം കൊണ്ട് 95,531 ഹെക്ടർ ഭൂമി മാത്രമാണ് സർവെ ചെയ്തിരുന്നത്. എന്നാൽ പുതിയ ഡിജിറ്റൽ സർവെ മിഷൻ ആരംഭിച്ചതോടെ വളരെ കുറച്ച് കാലത്തിനുള്ളിൽ അതിന്റെ പത്തിരട്ടിയോളം ഭൂമിയുടെ സർവെ പൂർത്തിയാക്കാൻ കഴിഞ്ഞത് പദ്ധതിയുടെ വലിയ വിജയം കൂടിയാണ്.





