International News

ഇറാനില്‍ ആക്രമണം ശക്തം; യുഎസ്–ഇസ്രയേല്‍ സൈനിക നീക്കത്തില്‍ 1230 പേര്‍ കൊല്ലപ്പെട്ടു

ഇറാനെതിരെ ഇസ്രയേലും യുഎസും നടത്തുന്ന സൈനിക ആക്രമണം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. ഇറാനില്‍ ഭൂമിക്കടിയില്‍ സൂക്ഷിച്ചിട്ടുള്ള ബാലിസ്റ്റിക് മിസൈല്‍ ശേഖരങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം വ്യാപിപ്പിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ അമേരിക്കയുടെ ബി–2 ബോംബര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ജനവാസ മേഖലകളോട് ചേര്‍ന്നിടങ്ങളിലായി വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന പ്രദേശവും ആക്രമണത്തില്‍പ്പെട്ടതായി വിവരമുണ്ട്.

അതേസമയം, യുഎസ്–ഇസ്രയേല്‍ സൈനിക നടപടിയില്‍ ഇതുവരെ 1230 പേര്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. യുണിസെഫ് റിപ്പോര്‍ട്ട് പ്രകാരം 181 കുട്ടികളും മരണപ്പെട്ടിട്ടുണ്ട്. മിനാബിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ മാത്രം 175 കുട്ടികള്‍ കൊല്ലപ്പെട്ടെന്നാണ് വിലയിരുത്തല്‍. സ്‌കൂളിനെ ലക്ഷ്യമിട്ട ആക്രമണത്തില്‍ യുഎസ് അന്വേഷണം ആരംഭിച്ചതായും, ആക്രമണം യുഎസ് സൈന്യം നടത്തിയതാണെന്ന് സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂളുകളെ ലക്ഷ്യമിടുന്ന ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുന്നതിനാല്‍ സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദത്തിന് ഇടയാക്കുകയാണ്. അതേസമയം, ഇറാനില്‍ നിന്നുള്ള മിസൈല്‍–ഡ്രോണ്‍ ആക്രമണ ശ്രമം സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സേന തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിലേക്ക് ലക്ഷ്യമിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞുനശിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *