ബംഗളൂരു: കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക്. 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്രവേശനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ അഡിക്ഷന്‍ കുറയ്ക്കുകയും മാനസികാരോഗ്യവും ഉറക്കവും സുരക്ഷയും സംരക്ഷിക്കുകയും ചെയ്യുന്നതിനായാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകുകയാണ് കര്‍ണാടക. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വീകരിച്ച സമാന നടപടികള്‍ പഠിച്ച ശേഷമാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്.
ഇതിനൊപ്പം വിദ്യാഭ്യാസ മേഖലയിലും നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. ഡിഗ്രി കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവയ്ക്കായി 2,000 അധ്യാപക ജീവനക്കാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്റ്റാഫ് ക്ഷാമം പരിഹരിക്കാനും സ്ഥാപനങ്ങള്‍ വികസിപ്പിക്കാനുമായി പദ്ധതികളും പ്രഖ്യാപിച്ചു. ബംഗളൂരുവിലെ വിശ്വേശ്വരയ്യ കോളേജ് ഓഫ് എഞ്ചിനീയറിംഗ് സര്‍വകലാശാലയെ ഐഐടികളുടെ മാതൃകയില്‍ വികസിപ്പിക്കാന്‍ 500 കോടി രൂപ മാറ്റിവെക്കുമെന്നും അതില്‍ 100 കോടി രൂപ ഉടന്‍ അനുവദിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു. കൂടാതെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം തടയുന്നതിനായി ‘രോഹിത് വെമുല ബില്‍’ അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.





