
ന്യൂഡൽഹി: രാജ്യത്ത് ഉയർന്നുവരുന്ന പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസർക്കാർ മിണ്ടാതിരിക്കുകയാണെന്ന് ആരോപിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം.പി. രംഗത്ത്. പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഈ വിഷയത്തിൽ ചര്‍ച്ച നടത്താൻ പാർലമെന്റ് പ്രവർത്തനം നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ എം.പിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
കൊമേഴ്സ്യൽ ഗ്യാസ് ഏജൻസികൾക്ക് സിലിണ്ടറുകൾ വിതരണം ചെയ്യേണ്ടതില്ലെന്ന നിർദ്ദേശം നൽകിയതോടെ സാധാരണ കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും വലിയ ദുരിതത്തിലായതായി വേണുഗോപാൽ ആരോപിച്ചു. പാചകവാതക ക്ഷാമത്തെ തുടർന്ന് രാജ്യത്തെ ഏകദേശം 20 ശതമാനം ഹോട്ടലുകൾ ഇതിനകം പ്രവർത്തനം നിർത്തിയതായും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ എണ്ണക്കമ്പനികൾ എൽപിജി ബോട്ട്ലിംഗ് പ്ലാന്റുകളിൽ വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നത് നിർത്തിവെച്ചതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യം ഇഫ്ത്താർ വിരുന്നുകളെ ഉൾപ്പെടെ സാമൂഹിക പരിപാടികളെയും ബാധിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.





