കമ്പനി ആക്ട് ലംഘനം കണ്ടെത്തി; എല്ലാ ഭാരവാഹികളും അയോഗ്യർ, പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിയമിക്കാൻ നിർദേശം
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി. കമ്പനി ആക്ട് ലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കം സംഘടനയുടെ എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കിയിട്ടുണ്ട്. സംഘടനയ്ക്ക് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഹൈക്കോടതി നിർദേശം നൽകി.
ജസ്റ്റിസ് ടി.ആർ. രവിയുടെ സിംഗിൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയായ എസ്എൻഡിപി യോഗത്തിൽ ഡയറക്ടർമാരായി വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും ഉൾപ്പെടെ നിരവധി പേർ പ്രവർത്തിച്ചുവരികയായിരുന്നു.
കമ്പനി ഡയറക്ടർമാർക്ക് നിർബന്ധമായ ഡയറക്ടേഴ്‌സ് ഐഡന്റിഫിക്കേഷൻ നമ്പർ (DIN) അക്കൗണ്ടിന് ഇവർക്കു സാധുതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. ഇതിനെ തുടർന്നാണ് കമ്പനി ആക്ട് 164(2) പ്രകാരം വെള്ളാപ്പള്ളിയടക്കമുള്ള ഭാരവാഹികളെ അയോഗ്യരാക്കി കോടതി ഉത്തരവിട്ടത്.
കൂടാതെ, തുടർച്ചയായ മൂന്നു വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതിക്ക് വീഴ്ചവന്നതും കോടതി ചൂണ്ടിക്കാട്ടി. 2014 മുതൽ ഐജി രജിസ്ട്രേഷനിലേക്ക് വാർഷിക അക്കൗണ്ട്‌സ് സ്റ്റേറ്റ്‌മെന്റ് സമർപ്പിച്ചിട്ടില്ലെന്നും കണ്ടെത്തി.
എങ്കിലും പിന്നീട് എസ്എൻഡിപി യോഗം സർക്കാരിനെ സമീപിച്ച് പിഴ അടച്ചതിനെ തുടർന്ന് സർക്കാർ മാപ്പ് നൽകി പ്രവർത്തനം തുടരാൻ അനുമതി നൽകിയിരുന്നു.
ഈ തീരുമാനം ചോദ്യം ചെയ്ത് അന്തരിച്ച എഴുത്തുകാരൻ എം.കെ. സാനുവും എസ്എൻഡിപി യോഗം സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ്. ചന്ദ്രസേനനും ഹൈക്കോടതിയിൽ റിറ്റ് ഹർജി നൽകിയിരുന്നു. കമ്പനി നിയമപ്രകാരം ഇത്തരം പിഴവുകളിൽ മാപ്പ് നൽകാൻ കമ്പനികൾക്കു മാത്രമേ സാധിക്കൂ, വ്യക്തികൾക്ക് സർക്കാർ മാപ്പ് നൽകാനാവില്ലെന്നും ഹർജിക്കാർ വാദിച്ചു.
ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോൾ വെള്ളാപ്പള്ളി അടക്കമുള്ള ഭാരവാഹികളെ അയോഗ്യരാക്കി ഉത്തരവിട്ടിരിക്കുന്നത്.





