India News

പോഷകാഹാര കിറ്റില്‍ പഞ്ചസാര ഒഴിവാക്കണം; ഉപ്പും കൊഴുപ്പും നിയന്ത്രിക്കാൻ കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം

ന്യൂഡല്‍ഹി: കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന പോഷകാഹാര കിറ്റുകളില്‍ പഞ്ചസാര, കൂടുതല്‍ ഉപ്പ്, കൊഴുപ്പ്, പ്രിസര്‍വേറ്റീവുകള്‍, കൃത്രിമ നിറങ്ങള്‍, വേറിട്ട രുചികള്‍ എന്നിവ ഒഴിവാക്കണം എന്ന നിര്‍ദേശവുമായി കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്‍കി.

അംഗന്‍വാടികളിലൂടെ നല്‍കുന്ന ഭക്ഷണത്തിലും കിറ്റുകളിലും ഇത്തരം ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷണത്തിലുളള പഞ്ചസാരയുടെ അളവ് മൊത്തം ഊര്‍ജ്ജത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെയായി നിലനിര്‍ത്തണമെന്നും, ആവശ്യമെങ്കില്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ അനുസരിച്ച്, ഉപ്പിന്റെ ഉപയോഗവും കുറക്കേണ്ടത് അനിവാര്യമാണെന്നും, ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവില്‍ നിയന്ത്രണം തീര്‍ത്തും പാലിക്കേണ്ടതാണെന്നും കേന്ദ്രം വ്യക്തമാക്കി.

പാചകം ചെയ്യുമ്പോള്‍ പഞ്ചസാരയും ഉപ്പും ചേര്‍ക്കാതെ ഭക്ഷണം തയ്യാറാക്കാനുള്ള മാര്‍ഗരേഖയും കേന്ദ്രം രൂപകല്‍പ്പന ചെയ്യുമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗുണഭോക്താവിന് ഇതനുസരിച്ച് ഇഷ്ടാനുസരണം ഭക്ഷണം തയ്യാറാക്കാന്‍ സാധിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *