അഗ്രി ടൂറിസം മള്‍ട്ടിസ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെപേരില്‍ നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ച് കാലാവധി പൂര്‍ത്തിയായപ്പോള്‍ മുതലും, പലിശയും നല്‍കാതെ വഞ്ചിച്ച കേസില്‍ 2 മുതല്‍ 6 വരെ പ്രതികളായ തൃശ്ശൂര്‍ എല്‍ത്തുരുത്ത് പറത്താള വീട്ടില്‍ പി.ആര്‍. മുരളീധരന്‍ 61 വയസ്സ്, മുരളീധരന്‍ മക്കളായ അഖില്‍മുരളി 34 വയസ്സ്, ആഷിഖ് മുരളി 31 വയസ്സ്, മുരളീധരന്‍ ഭാര്യ രാജേശ്വരി കെ.വി 55 വയസ്സ്, അഖില്‍ മുരളി ഭാര്യ അഞ്ജു കെ.എസ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി.എസ്. ശശികുമാര്‍ ഉത്തരവായി.
തൃശ്ശൂര്‍ കിഴക്കേകോട്ട ആസ്ഥാനമായ അഗ്രി ടൂറിസം മള്‍ട്ടിസ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ പേരില്‍ പ്രതികള്‍ നിക്ഷേപം സ്വീകരിച്ച് കാലാവധി പൂര്‍ത്തിയായപ്പോള്‍ മടക്കി നല്‍കിയില്ലെന്നായിരുന്നു ആരോപണം. 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ നിക്ഷേപകരില്‍ നിന്നും തവണകളായി നിക്ഷേപം സ്വീകരിച്ചുവെങ്കിലും, കാലാവധി കഴിഞ്ഞപ്പോള്‍ ആയത് മടക്കി ലഭിക്കാതെ വന്നപ്പോഴാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.
തൃശ്ശൂര്‍ എറണാകുളം ജില്ലകളില്‍ നിന്നും ഇത്തരത്തില്‍ നിക്ഷേപം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് നിക്ഷേപകര്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയ പരാതികളെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു.
പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും 20 കേസുകളിലും, ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും 14 കേസുകളിലും നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും, സഹകരണസ്ഥാപനങ്ങളുടെ വിശ്വാസ്യത തകരുന്നതിന് പ്രതികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണമാകുമെന്നും, ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനും, തെളിവുകള്‍ നശിപ്പിക്കുന്നതിനും ഇടയാകുമെന്നും ആയതിനാല്‍ യാതൊരു കാരണവശാലും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കേസില്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.പി. അജയകുമാറിൻ്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.





