Court Kerala News

വില്പനക്കായി 7 കി.ഗ്രാം ഹാഷിഷ് കൈവശം വെച്ച കേസ്: പ്രതികള്‍ക്ക് 15 വര്‍ഷം തടവ്

ലോറിക്കുള്ളില്‍ ബാഗില്‍ ഒളിപ്പിച്ച് 7 കിലോഗ്രാം ഹാഷിഷ് ഓയില്‍ വില്‍പന നടത്തുന്നതിന് വേണ്ടി കൊണ്ടുപോയ കേസില്‍ പ്രതികളായ മാള ഗുരുതിപ്പാല ദേശത്ത് കാട്ടുപറമ്പില്‍ കെ.എസ്. സുമേഷ് 32 വയസ്സ്, മാള പഴൂക്കര ദേശത്ത് കുന്നുമ്മേല്‍ കെ.യു. സുജിത്‍ലാല്‍ 28 വയസ്സ് എന്നിവരെ 15 വര്‍ഷം കഠിനതടവിനും, ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് അന്യാസ് തയ്യില്‍ ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷം അധികത്തടവ് അനുഭവിക്കേണ്ടി വരും.

2022 ഏപ്രില്‍ 3 ന് പുലര്‍‍ച്ചെ 4 മണിക്ക് വാടാനപ്പിള്ളി സബ് ഇന്‍സ്പെക്ടര്‍ വിവേക് നാരായണനും സംഘവുമാണ് പരിശോധനക്കിടയില്‍ ലോറിയില്‍ നിന്നും ഹാഷിഷ് ഓയില്‍ കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. വാടാനപ്പിള്ളി സി.ഐ. ആയ സനീഷ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.ഒ ആയ ഗോകുല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

യുവതലമുറയെ നശിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന മാരക മയക്കുമരുന്നായ ഹാഷിഷ് ഓയില്‍ അമിതലാഭം മോഹിച്ച് വില്പന നടത്തുന്ന പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും സമൂഹത്തിന് അവര്‍ ഭീഷണിയാണെന്നും ആയതിനാല്‍ പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നുമുള്ള പ്രോസിക്യൂഷനു വേണ്ടി ഹാജരായ എന്‍ഡിപിഎസ് കേസുകളുടെ സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം.കെ. ഗിരീഷ് മോഹൻ്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *