
നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയും രണ്ടാനച്ഛനുമായ അഷ്‌കറിന്റെ വാഹനം അജ്ഞാത സംഘം അടിച്ചു തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയോടെ പനവൂരിലെ വാടക വീടിന് മുന്നില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനമാണ് അടിച്ച് തകര്‍ത്തത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ടാക്‌സി തൊഴിലാളിയായിരുന്ന അഷ്‌കര്‍ കഴിഞ്ഞ ആറ് മാസമായി ഈ വീട്ടിലാണ് താമസം. രണ്ട് മാസം മുമ്പാണ് അഖിലയും കുഞ്ഞും ഈ വീട്ടിലേക്ക് താമസം മാറിയത്. കുഞ്ഞിനെ പുറത്തേക്ക് അധികം കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അഖിലയും അഷ്‌കറും നാട്ടുകാരോടും സഹകരണമില്ലാത്തവരാണെന്നും നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് അബോധാവസ്ഥയിലായി എന്ന് പറഞ്ഞ് അഷ്‌കര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കുഞ്ഞ് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ മരിച്ചിരുന്നു. ചോറ് നല്‍കുന്നതിനിടെ കുട്ടി നിര്‍ത്താതെ കരഞ്ഞതോടെ തലയില്‍ ശക്തമായി അടിച്ചെന്ന് അഷ്‌കര്‍ പോലീസിനോട് കുറ്റ സമ്മതം നടത്തി. ഈ അടിയുടെ ആഘാതത്തില്‍ കുഞ്ഞ് ബോധരഹിതനാവുകയായിരുന്നു. തലയിലേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവും മരണത്തിലേക്ക് നയിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞ് ദിര്‍ഘകാലമായി പീഡനങ്ങള്‍ അനുഭവിച്ചിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. കുഞ്ഞന്റെ ശരീരത്തില്‍ 51 മുറിവുകളും എല്ലുകള്‍ ഒടിഞ്ഞതായും കണ്ടെത്തി. പല മുറിവുകളും പഴയതാണ്. ജനനേന്ദ്രിയത്തില്‍ മുറിവുകളും ഉണ്ടായിട്ടുണ്ട്. കുട്ടിയുടെ അമ്മ നൃത്ത പരിപാടികള്‍ക്കായി തമിഴ്‌നാട്ടില്‍ പോയ സമയത്താണ് സംഭവം നടന്നത് എങ്കിലും കുഞ്ഞിനെ ഉപദ്രവിക്കുന്നത് അറിയാമായിരുന്നിട്ടും അമ്മ അഖില അത് തടഞ്ഞിരുന്നില്ല. അതുകൊണ്ട് കുട്ടിയുടെ മരണത്തില്‍ അമ്മയുടെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്.



