ന്യൂഡൽഹി: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻ്റെ (ഐസിഎആർ) 98-ാമത് സ്ഥാപകദിനാഘോഷത്തിൽ കേന്ദ്ര കാർഷിക-കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ ‘വികസിത് കൃഷി, സമൃദ്ധ് കിസാൻ’ എന്ന ലക്ഷ്യത്തോടെ പുതിയ കാർഷിക വികസന പദ്ധതികൾ പ്രഖ്യാപിച്ചു.
100 കാലാവസ്ഥാ സ്മാർട്ട് ഗ്രാമങ്ങൾ വികസിപ്പിക്കുക, ഐസിഎആറിൻ്റെ സാങ്കേതികവിദ്യ 10 കോടി കർഷകരിലെത്തിക്കുക, ‘വൺ ഇൻസ്റ്റിറ്റ്യൂട്ട്-വൺ ഗ്രാൻഡ് ഇന്നൊവേഷൻ’ പദ്ധതി നടപ്പാക്കുക, ഐസിഎആർ ഓപ്പൺ ഡിജിറ്റൽ നോളജ് പ്ലാറ്റ്ഫോം ആരംഭിക്കുക, വ്യാജ വിത്തുകൾക്കും കീടനാശിനികൾക്കുമെതിരായ നിയമങ്ങൾ ശക്തമാക്കുക, സാങ്കേതികവിദ്യയുടെ വാണിജ്യവത്കരണത്തിലൂടെ ഐസിഎആറിനെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുക എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.
കർഷകരാണ് കാർഷിക മേഖലയിലെ ആത്മാവെന്നും ശാസ്ത്രജ്ഞരാണ് അതിൻ്റെ മസ്തിഷ്കമെന്നും ചൗഹാൻ പറഞ്ഞു. സർക്കാർ നയങ്ങളും കർഷകരുടെ അധ്വാനവും ശാസ്ത്രജ്ഞരുടെ ഗവേഷണവും ഒരുമിക്കുമ്പോഴാണ് കാർഷിക മേഖലയിൽ വലിയ മുന്നേറ്റങ്ങൾ സാധ്യമാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





