രാജ്യത്തെ യുവ കായികതാരങ്ങളുടെയും സാമൂഹിക സംരംഭങ്ങളുടെയും പ്രവർത്തനങ്ങൾ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിൻ്റെ 134-ാമത് എപ്പിസോഡിലെ പ്രധാന ഭാഗങ്ങൾ സമൂഹമാധ്യമമായ എക്‌സിലെ കുറിപ്പുകളിലൂടെ അദ്ദേഹം പങ്കുവെച്ചു.
ഇന്ത്യൻ അത്‌ലറ്റിക്‌സിൻ്റെ ഭാവി ശോഭനമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഗുരീന്ദർവീർ സിങ്ങിനോടും അനിമേഷ് കുജുറിനോടും നടത്തിയ സംവാദമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവതാരങ്ങളുടെ നേട്ടങ്ങൾ രാജ്യത്തിൻ്റെ കായികമേഖലയിലെ വളർച്ചയുടെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ മാമ്പഴങ്ങളുടെ വൈവിധ്യവും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. രാജ്യത്തിൻ്റെ മാമ്പഴ സമ്പത്ത് അഭിമാനകരമാണെന്നും ജനങ്ങളോട് തങ്ങളുടെ ഇഷ്ട മാമ്പഴ ഇനമേതെന്ന് പങ്കുവെക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
വേനൽച്ചൂടിനെ അതിജീവിക്കാൻ നീന്തൽ മികച്ച മാർഗമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കേരളത്തിൽ ഭാവി നീന്തൽതാരങ്ങളെ പരിശീലിപ്പിക്കുന്ന സജിയുടെ പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ യുവാക്കളിൽ ജ്യോതിശാസ്ത്രത്തോടുള്ള താൽപര്യം വളർത്തുന്ന ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. ശാസ്ത്രബോധവും അന്വേഷണത്വരയും വളർത്തുന്നതിൽ ഇത്തരം സംരംഭങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.





