ഇന്ത്യയുടെ ചില പ്രദേശങ്ങൾ നേപ്പാൾ കൈയേറിയതായി താൻ മനസ്സിലാക്കിയിട്ടുണ്ടെന്ന് നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ പാർലമെൻ്റിൽ നടത്തിയ പരാമർശം വിവാദമായി.
മെയ് 11ന് ആരംഭിച്ച നിലവിലെ പാർലമെൻ്റ് സമ്മേളനത്തിൽ ആദ്യമായി പങ്കെടുത്ത ഷാ, ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി തർക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് പരാമർശം നടത്തിയത്. വിഷയത്തിൽ പരിഹാരം കണ്ടെത്താൻ ചരിത്രകാരന്മാരുടെയും സർവേയർമാരുടെയും മറ്റ് വിദഗ്ധരുടെയും സഹായം തേടാൻ ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായും ബ്രിട്ടനുമായും ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ വ്യാപക ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
എന്നാൽ മണിക്കൂറുകൾക്കകം നേപ്പാൾ വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തിയിലെ ‘നോ-മാൻസ് ലാൻഡ്’ മേഖലകളിലെ കൈയേറ്റങ്ങളും അതിർത്തി ലംഘനങ്ങളുമാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്നും, ഇന്ത്യൻ ഭൂമി നേപ്പാൾ കൈവശപ്പെടുത്തിയെന്ന അർത്ഥത്തിലല്ല പരാമർശമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതിർത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയാണ് പ്രധാനമന്ത്രി സൂചിപ്പിച്ചതെന്നും, അത് ഇന്ത്യയുടെ ഭൂപ്രദേശത്തെക്കുറിച്ചുള്ള അവകാശവാദമായി വ്യാഖ്യാനിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു




