തൃശൂർ: നാട്ടികയിൽ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി അഞ്ച് പേരുടെ മരണത്തിന് കാരണമായ അപകടത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിലായി. കണ്ണൂർ ആലക്കോട് സ്വദേശികളായ അലക്‌സ്, ജോസ് (ഡ്രൈവര്‍) എന്നിവരാണ് അറസ്റ്റിലായത്.
മദ്യലഹരിയിൽ ക്ലീനറാണ് വാഹനമോടിച്ചതായി പൊലീസ് കണ്ടെത്തി. ഇയാൾക്ക് ലൈസൻസുണ്ടായിരുന്നില്ലെന്നും സ്ഥിരീകരിച്ചു. അപകടത്തിൽ മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു, പരിക്കേറ്റ ആറുപേരുടെ നില അതീവ ഗുരുതരമാണ്.
നാട്ടിക ജെ കെ തിയേറ്ററിന് സമീപം പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഗോവിന്ദാപുരം സ്വദേശികളായ നാടോടികൾ റോഡരികിൽ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അപകട ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ തടഞ്ഞു പിടികൂടി പൊലീസിന് കൈമാറി.
കണ്ണൂരിൽ നിന്ന് മരം കയറ്റി ദേശീയപാതയിലൂടെ പോകുന്ന ലോറിയാണ് ബൈപ്പാസിൽ നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്ത ശേഷം ഉറങ്ങിക്കിടന്നവരെ ഇടിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.