പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ പുതിയ മേൽശാന്തിയായി കൊല്ലം ശക്തികുളങ്ങര സ്വദേശിയായ എസ്. അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൂടാതെ, മാളികപ്പുറം ദേവിയുടെ മേൽശാന്തിയായി കോഴിക്കോട് തിരുമംഗലം ഇല്ലം വാസുദേവൻ നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ നിയമിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് ശബരിമല സന്നിധാനത്തിൽ നടന്ന ചടങ്ങിൽ തന്ത്രി കണ്ഠർ രാജീവർ, കണ്ഠർ ബ്രഹ്മദത്തൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.
ശബരിമലയിലേയ്ക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരും ഉൾപ്പെട്ട പ്രാഥമിക പട്ടികയിൽ നിന്നാണ് അന്തിമ തീരുമാനമുണ്ടായത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഋഷികേശ് വർമയും എം. വൈഷ്ണവിയും ശബരിമലയിലേയും മാളികപ്പുറത്തേയും കുറിയെടുത്തതോടെ പുതിയ മേൽശാന്തിമാർ തിരഞ്ഞെടുക്കപ്പെട്ടു.