ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തുടർച്ചയായി സേവനം അനുഷ്ഠിച്ച ഗവർണർമാരുടെ പദവി മാറ്റാറായ സാഹചര്യത്തിൽ ആരായിരിക്കും അടുത്ത കേരള ഗവർണർ എന്ന ആകാംക്ഷയിലാണ് ഏവരും. പല പേരുകളും ഈ സ്ഥാനത്തേക്ക് ഉയർന്നു വരുന്നുണ്ടെങ്കിലും തിർക്കിട്ട് ബി ജെ പി പ്രവേശം നേടി വാർത്ത സൃഷ്ടിച്ച ശ്രീലേഖ ഐപിഎസിന്റെയും ബിജെപിയുടെയും നീക്കങ്ങൾ ചേർത്തുവായിക്കാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ ഐപിഎസ് ഉദ്യോഗസ്ഥ, പോലീസിൽ നിഷ്പക്ഷമായ ധാരാളം മാറ്റങ്ങൾ കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥ എന്നിങ്ങനെ ശ്രദ്ധേയയായ വനിതയാണ് ശ്രീലേഖ ഐപിഎസ്. നിലവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സർക്കാർ നിരന്തരം കൊമ്പ് കോർത്തു വരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ഒരു വ്യക്തി തന്നെ ഈ സ്ഥാനത്ത് എത്തണം എന്ന ഒരു ആവശ്യവും ഉയരുന്നുണ്ട്. പുറത്തുനിന്നുള്ള ഗവർണർമാർക്ക് കേരളത്തിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെന്നതും ഇതിന് കാരണമാണ്.
ശബരിമല ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ വരാനിരിക്കെ ഗവർണർ സ്ഥാനം ബിജെപിയെ സംബന്ധിച്ചും ഏറെ ചിന്തിച്ചെടുക്കേണ്ട തീരുമാനമായിരിക്കുന്നു. നിയമസഭാ സമ്മേളനം കഴിഞ്ഞാൽ ഉടൻ പുതിയ അഴിച്ചുപണി ഉണ്ടാകും. ഈ സാഹചര്യത്തിലാണ് ആരായിരിക്കും അടുത്ത ഗവർണർ എന്ന ചൂടിയേറിയ ചർച്ച നടക്കുന്നത്. ശ്രീലേഖ ഐപിഎസിന്റെ പെട്ടെന്നുള്ള ബിജെപി പ്രവേശനം കേരളം ഉറ്റുനോക്കിയപ്പോൾ ഗവർണർ സ്ഥാനവുമായി കൂട്ടിവായിക്കാവുന്ന സാധ്യതയായി അത് മാറിയിരിക്കുകയാണ്.
അതേസമയം ദേവേന്ദ്ര കുമാർ ജോഷിയുടെതുൾപ്പെടെയുള്ള പേരുകളും ഈ സ്ഥാനത്തേക്ക് മാധ്യമങ്ങൾ ചർച്ചയാക്കുന്നുണ്ട്. ആൻഡമാൻ നിക്കോബാറിന്റെ ലഫ്. ഗവർണർ ദേവേന്ദ്ര കുമാർ ജോഷിയെ കേരളത്തിന്റെയോ ജമ്മു കശ്മീരിന്റെയോ ഗവർണറായി നിയമിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വന്നത്. നാവികസേനയുടെ മുൻ മേധാവിയാണ് ദേവേന്ദ്ര കുമാർ ജോഷി. കേരള ഗവർണറായ ആരിഫ് മുഹമ്മദ് ഖാൻ കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ, അദ്ദേഹത്തെ മാറ്റി മറ്റൊരു പദവി നൽകുമെന്നാണ് അറിയുന്നത്.





