Kerala News

ശബരിമലയില് പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും വേണ്ട: ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്ത് പുഷ്പാലങ്കാരത്തിന് ഓർക്കിഡും ഇലകളും ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകൾ മാത്രമാണ് ഉപയോഗിക്കണമെന്ന് ഉറപ്പുവരുത്താനും ഓരോ ദിവസവും പൂക്കൾ മാറ്റണമെന്നുമുള്ള നിർദേശം ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ അടങ്ങിയ ബെഞ്ച് നൽകി.

ദേവസ്വം ബോർഡും ശബരിമല സ്പെഷൽ കമ്മീഷനും ഇതുസംബന്ധിച്ച നിർദേശങ്ങൾ കരാറുകാരെ അറിയിച്ചുവെന്ന് ഹൈക്കോടതിയെ അറിയിച്ചു.

അപ്പം, അരവണ അടക്കമുള്ള പ്രസാദങ്ങളുടെ വിതരണത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയെ സ്വമേധയാ കക്ഷിചേർത്തു. പഴകിയ എണ്ണ പിടിച്ചെടുത്ത സംഭവത്തിൽ പാണ്ടിത്താവളത്തിലെ ഹോട്ടലിന് 5000 രൂപയും കാലാവധി കഴിഞ്ഞ മസാല സൂക്ഷിച്ചതിന് മറ്റൊരു ഹോട്ടലിന് 10,000 രൂപ പിഴയിട്ടതായി അധികൃതർ കോടതിയെ അറിയിച്ചു.

നിലക്കലിൽ അനധികൃത ലബോറട്ടറികൾ പ്രവർത്തിക്കുന്ന സംഭവത്തിൽ ഇടപെട്ട കോടതി, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനും പൊലീസിനും ദേവസ്വം വിജിലൻസിനും ശക്തമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. പമ്പ ഹിൽടോപ്പിൽ പത്തിലധികം കെഎസ്ആർടിസി ബസുകൾ ഒരേസമയം പാർക്ക് ചെയ്യുന്നത് തടയണമെന്നും 24 മണിക്കൂറിലധികം പാർക്കിങ്ങിൽ തുടരാൻ വാഹനങ്ങൾക്ക് അനുമതി നൽകരുതെന്നും കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *