Kerala News

ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ പുറത്തിറങ്ങി; അന്വേഷണത്തില്‍ വീണ്ടും ചോദ്യം ചെയ്യല്‍ സാധ്യത

കൊച്ചി: ലഹരി ഉപയോഗം കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ പുറത്തിറങ്ങി.മാതാപിതാക്കളുടെ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27 (ലഹരി ഉപയോഗം)ഉം 29 (ഗൂഢാലോചന)ഉം പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ഷൈന്റെ മൊഴികള്‍ വീണ്ടും പൊലീസ് പരിശോധിക്കും. മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ആവശ്യമെങ്കില്‍ പൊലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും. നേരത്തെ ഡീ-അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിരുന്നുവെന്ന് നടന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പോലീസിന്റെ നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍, ഷൈന്‍ കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. എന്നാല്‍, പൊലീസ് റെയ്ഡ് നടത്തിയ ദിവസം ലഹരി ഉപയോഗിച്ചില്ലെന്നും കൈവശം ലഹരി ഇല്ലായിരുന്നെന്നും പറയുന്നു.

സിനിമയിലെ ചില അസിസ്റ്റന്റുമാര്‍ ലഹരിമരുന്ന് എത്തിച്ചുതരാറുണ്ടെന്നും, തസ്‌ലീമയേയും സജീറിനേയും പരിചയമുണ്ടെന്നും ഷൈന്‍ മൊഴിയില്‍ സമ്മതിച്ചു. ഫോണില്‍ നിന്നുള്ള വിവരങ്ങളും ലഹരി ബന്ധങ്ങള്‍ വ്യക്തമാക്കുന്നതാണെന്ന് പൊലീസ് വ്യക്തമാക്കി.

ഡാന്‍സാഫ് സംഘം ഹോട്ടലില്‍ റെയ്ഡ് നടത്തിയപ്പോള്‍ ഷൈന്‍ മുറിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് അറസ്റ്റ് ചെയ്ത് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശേഖരിച്ച മൂടി, നഖം, രക്തം, മൂത്രം എന്നിവയുടെ സാംപിളുകൾ തിരുവനന്തപുരം ലാബിൽ പരിശോധനയ്ക്കായി അയച്ചു.

സെന്‍ട്രല്‍ എസിപി സി ജയകുമാറിന്റെയും നാര്‍ക്കോട്ടിക് എസിപി കെ എ അബ്ദുല്‍ സലാമിന്റെയും നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

Leave a Reply

Your email address will not be published. Required fields are marked *