ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതിപക്ഷം “തിരഞ്ഞെടുത്ത പ്രതിഷേധം” മാത്രമാണ് നടത്തുന്നതെന്ന് ബിജെപി എംപി ബാൻസുരി സ്വരാജ് ആരോപിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. ഭരണകാലത്തും ചോദ്യപേപ്പർ ചോർച്ചകൾ നടന്നിരുന്നുവെന്നും എന്നാൽ നിലവിലെ മോദി സർക്കാർ പരീക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്താൻപാകത്തിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ലോക്‌സഭയിൽ പൊതു പരീക്ഷകൾ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026-നെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബാൻസുരി സ്വരാജ്. പരീക്ഷാ തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ വേഗത്തിലുള്ള വിചാരണയും കർശന ശിക്ഷയും ഉറപ്പാക്കുകയാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി.
“ഇത് പരീക്ഷാ സംവിധാനത്തെ കൂടുതൽ വിശ്വസനീയമാക്കുന്ന ഭേദഗതിയാണ്. ഇത് കേവലമൊരു ആവശ്യകത മാത്രമല്ല, കാലഘട്ടത്തിൻ്റെ അനിവാര്യത കൂടിയാണ്. പരീക്ഷകളുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിൽ മോദി സർക്കാരിൻ്റെ ഉത്തരവാദിത്തപരമായ സമീപനമാണ് ഈ ബിൽ പ്രതിഫലിപ്പിക്കുന്നത്,” ബാൻസുരി സ്വരാജ് പറഞ്ഞു.
പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനും പരീക്ഷാ സംവിധാനത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു. ഈ വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയ ലാക്കോടുകൂടിയാണ് വിമർശിക്കുന്നതെന്നും അവർ ആരോപിച്ചു.





