കൊച്ചി: നടന്‍ ദിലീപിന് ശബരിമലയില് കിട്ടിയ വിഐപി പരിഗണനയെക്കുറിച്ച് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഈ വിഷയത്തിന് ചെറിയ പ്രാധാന്യം കൊടുക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സംഭവത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയ ഹൈക്കോടതി, സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു.
ദിലീപ് വിഐപി മാർഗ്ഗത്തോടെയാണ് ശബരിമലയിൽ ദര്‍ശനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിച്ചു. ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കിയെന്നുമാണ് ആക്ഷേപം ഉയര്‍ന്നത്. ഹരിവരാസനം കീര്‍ത്തനം പൂര്‍ത്തിയായി നട അടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.
ശബരിമലയിൽ ആര്‍ക്കും വിഐപി പരിഗണന നൽകരുതെന്ന് മുമ്പ്
ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെത്തുന്ന എല്ലാ ഭക്തരും സമന്മാരാണ്. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്താണ് എല്ലാവരും എത്തുന്നത്. അതിനാല്‍ ആ രീതിയില്‍ തന്നെ കാര്യങ്ങള്‍ പൂര്‍ണമായും നടക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്.