ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ജസ്പാൽ റാണയുടെ വേർപാട് ഇന്ത്യൻ കായിക ലോകത്തിന് തീരാനഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഷൂട്ടിങ് രംഗത്തെ അസാധാരണ നേട്ടങ്ങളിലൂടെ രാജ്യത്തിന് മഹത്തായ അഭിമാനം സമ്മാനിച്ച വ്യക്തിയായിരുന്നു ജസ്പാൽ റാണയെന്ന് മോദി അനുസ്മരിച്ചു. യുവ കായികതാരങ്ങളെ വളർത്തിയെടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിൻ്റെ സംഭാവനകളും ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മികവിനോടും അച്ചടക്കത്തോടും കായികരംഗത്തോടുമുള്ള ജസ്പാൽ റാണയുടെ അചഞ്ചലമായ സമർപ്പണം അദ്ദേഹത്തിന് വലിയ ആദരവും അംഗീകാരവും നേടിക്കൊടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ ദുഃഖഘട്ടത്തിൽ ജസ്പാൽ റാണയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും കായികലോകത്തിനാകെയും തൻ്റെ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കി. “ഓം ശാന്തി” എന്നും അദ്ദേഹം കുറിച്ചു.





