കര്‍ണാടകയിലെ ചിക്ക്മഗ്ലൂരിവില്‍ വിനോദയാത്രക്ക് പോയി കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. പ്രത്യേക കേസായി പരിഗണിച്ചാണ് സമയം വൈകിയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തന്നെ നടത്താന്‍ തീരുമാനമായത്. ചിക്കമഗ്‌ളൂരിലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. അതിനുശേഷം കുടുംബം നാട്ടിലേക്ക് മടങ്ങും.
ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് സോകോ ടീം പരിശോധിക്കുന്നുണ്ട്. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കുമെന്ന് ചിക്ക്മഗ്ലൂരു എസ്പി ജിതേന്ദ്ര ദയമ വിശദീകരിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ശ്രീനന്ദയെ കാണാതായത്. നാല് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നാണ് ശ്രീനന്ദയുടെ മൃതദേഹം 1500 അടി താഴെ നിന്നും കണ്ടെത്തിയത്.





