മണലൂർ: കേരളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത അക്രമമാണ് തെരഞ്ഞെടുപ്പ് ദിവസം മണലൂരിൽ നടന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ് കുമാർ.
ടി.എൻ പ്രതാപനും ഗുണ്ടകളും ബൂത്തിൽ കടന്നുകയറി ബിജെപി പോളിങ് ഏജൻ്റിനെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ കേസ് എടുക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്നും
ഇലക്ഷൻ കമ്മിഷനും അനങ്ങുന്നില്ലെന്നും അനീഷ് ആരോപിച്ചു.
ബിജെപി പോളിങ് ഏജൻ്റ് ജയപ്രകാശിനെ കേട്ടാൽ അറയ്ക്കുന്ന അസഭ്യമാണ് ടി.എൻ പ്രതാപൻ വിളിച്ചത്. ജയപ്രകാശിനെ മർദ്ദിക്കാൻ നിർദ്ദേശം നൽകിയത് പ്രതാപൻ ആണെന്നും അനീഷ് കുമാർ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മുഴുവൻ തെളിവും ലഭിക്കും.
കാപട്യക്കാരനാണ് പ്രതാപൻ. ബ്ലോക്ക് മെമ്പർ നൗഷാദ് ബിജെപി ബൂത്ത് ഏജൻ്റ് ജയപ്രകാശിനെ പിന്നാലെ നടന്നു മർദിച്ചു. ജയപ്രകാശ് മദ്യപിച്ചു എന്ന വ്യാജ റിപ്പോർട്ട് ഉണ്ടാക്കാൻ പ്രതാപൻ നീക്കം നടത്തി. സ്ഥാനാർത്ഥി എന്ന നിലയിൽ അയോഗ്യനാക്കപ്പെടാൻ പറ്റിയ കുറ്റമാണ് പ്രതാപൻ ചെയ്തത് എന്നും സംഭവത്തെ ലഘൂകരിക്കാൻ പ്രിസൈഡിങ് ഓഫീസർ ശ്രമിക്കുന്നു എന്നും അനീഷ് കുമാർ കുറ്റപ്പെടുത്തി.
പ്രതാപനെ രക്ഷപെടുത്താൻ പ്രിസൈഡിങ് ഓഫീസർ നീക്കം നടത്തി.
ബിജെപി ബൂത്ത് ഏജൻ്റിനെ മണിക്കൂറുകൾ സമയമാണ് പോലീസ് അന്യായമായി തടവിൽ വെച്ചത്. ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും ജയപ്രകാശ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്നും അനീഷ് കുമാർ വിശദീകരിച്ചു.
ഇത്രയും മണിക്കൂർ കഴിഞ്ഞിട്ടും ജയപ്രകാശിൻ്റെ മൊഴി പോലീസ് മൊഴി എടുത്തില്ല. ജയപ്രകാശൻ മദ്യപിച്ചു എന്ന് വരുത്തി തീർക്കാൻ പോലീസ് ശ്രമം നടത്തി. ഇതിനുവേണ്ടി രണ്ട് ആശുപത്രിയിൽ പോലീസ് പരിശോധന നടത്തി ഡോക്ടറോട് മദ്യപിച്ചു എന്ന് എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അനീഷ് പറഞ്ഞു. സംഭവമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്കും പ്രിസൈഡിങ് ഓഫീസർക്കും ബിജെപി പരാതി നൽകിയിട്ടുണ്ട്.
തൃശ്ശൂരിൽ മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ് കുമാർ. ജില്ലാപ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ വൈസ് പ്രസിഡൻ്റ് സബീഷ്, ഭാഗീഷ് എന്നിവർ അദേഹത്തിൻ്റെ ഒപ്പം ഉണ്ടായിരുന്നു.





