Culture Kerala News

വിഷു: മലയാളികളുടെ പുതുവത്സരവും സമൃദ്ധിയുടെ പ്രതീകവും

തിരുവനന്തപുരം: കേരളത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നായ വിഷു, മലയാളികളുടെ പുതുവത്സരമായി ആഘോഷിക്കപ്പെടുന്നു. സൂര്യൻ മേടരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് വിഷു. സാധാരണയായി ഏപ്രിൽ 14 അല്ലെങ്കിൽ 15-നാണ് വിഷു ആചരിക്കുക.

വിഷുവിൻ്റെ പ്രധാന ആചാരമാണ് “വിഷുക്കണി”. വർഷം മുഴുവൻ സമൃദ്ധിയും ഐശ്വര്യവും ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഓരോ മലയാളികളും പുലർച്ചെ കണ്ണുതുറന്ന് വിഷു കണി കാണുന്നത് . കണിയിൽ കണിക്കൊന്നപ്പൂ, കണിവെള്ളരി, അരി, നാണയം, കണ്ണാടി, കൃഷ്ണ വിഗ്രഹം, പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താറുണ്ട്.

“കൈനീട്ടം” വിഷുവിൻ്റെ മറ്റൊരു പ്രധാന ഘടകമാണ്. മുതിർന്നവർ ചെറുപ്പക്കാർക്ക് പണം നൽകുന്ന ഈ ആചാരം സമ്പത്തിൻ്റെ പങ്കിടലിനെയും അനുഗ്രഹത്തിനെയും സൂചിപ്പിക്കുന്നു.

അതുപോലെ തന്നെ, വിഷുസദ്യയും ആഘോഷത്തിൻ്റെ അവിഭാജ്യ ഘടകമാണ്. “വിഷുക്കട്ടയും” മറ്റ് വിവിധ വിഭവങ്ങളടങ്ങിയ സദ്യയും കുടുംബാംഗങ്ങൾ ഒരുമിച്ച് പങ്കിടുന്നത് സന്തോഷവും ഐക്യവും ശക്തിപ്പെടുത്തുന്നു.

വിഷുവിന് ചരിത്രപരവും ജ്യോതിശാസ്ത്രപരവുമായ പ്രാധാന്യമുണ്ട്. ഇത് കൃഷിയുമായി ബന്ധപ്പെട്ട ഒരു പുതുതുടക്കത്തെയും പ്രതിനിധീകരിക്കുന്നു. പ്രകൃതിയുമായും വിശ്വാസങ്ങളുമായും ചേർന്നുള്ള ഈ ഉത്സവം, മലയാളികളുടെ സംസ്കാരപരമായ തിരിച്ചറിവിൻ്റെ പ്രധാന ഘടകമായി തുടരുന്നു. എല്ലാ വായനക്കാർക്കും ഇന്ത്യൻ വാർത്തയുടെ ഐശ്വര്യത്തിൻ്റേയും സമ്പദ്മൃദ്ധിയുടേയും വിഷു ആശംസകൾ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *