ഭീകരവാദത്തെ പിന്തുണച്ച് ഇന്ത്യക്കെതിരെ പ്രവർത്തനം തുടരുകയാണെങ്കിൽ പാകിസ്താൻ “ഭൂമിശാസ്ത്രത്തിൻ്റെ ഭാഗമാകണമോ മറിച്ച് ചരിത്രത്തിൻ്റെ ഭാഗമാകണമോ എന്ന് തീരുമാനിക്കേണ്ടിവരും” എന്ന് ഇന്ത്യൻ സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി.
ന്യൂഡൽഹിയിലെ മനേക് ഷാ സെൻ്ററിൽ യൂണിഫോം അൺവീൽഡ് സംഘടിപ്പിച്ച ‘സേന സംവാദ്’ എന്ന സംവാദ പരിപാടിയിലായിരുന്നു ജനറൽ ദ്വിവേദിയുടെ പരാമർശം. കഴിഞ്ഞ വർഷം നടന്ന ഓപറേഷൻ സിന്ദൂർ പോലൊരു സാഹചര്യം വീണ്ടും ഉണ്ടായാൽ ഇന്ത്യൻ സൈന്യത്തിൻ്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം കടുത്ത മുന്നറിയിപ്പ് നൽകിയത്.
“ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. പാകിസ്താൻ ഭീകരർക്ക് അഭയ കേന്ദ്രമായി ഇന്ത്യക്കെതിരെ പ്രവർത്തനം തുടരുകയാണെങ്കിൽ അവർ ഭൂമിശാസ്ത്രത്തിൻ്റെ ഭാഗമാകണോ അതോ ചരിത്രത്തിൻ്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടിവരും,” ജനറൽ ദ്വിവേദി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ വർഷം മേയ് 7നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം കൃത്യമായ ആക്രമണങ്ങൾ നടത്തിയത്.
തുടർന്ന് പാകിസ്താനും ഇന്ത്യക്കെതിരെ പ്രത്യാക്രമണം നടത്തിയിരുന്നു. പിന്നീട് ഉണ്ടായ ഇന്ത്യൻ സൈനിക നീക്കങ്ങളും ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായിട്ടായിരുന്നു. ആണവായുധ ശേഷിയുള്ള ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സൈനിക ഏറ്റുമുട്ടൽ ഏകദേശം 88 മണിക്കൂർ നീണ്ടുനിന്നു. മേയ് 10നുണ്ടായ ധാരണയെ തുടർന്ന് സംഘർഷാവസ്ഥ അവസാനിപ്പിക്കുകയായിരുന്നു.
ജനറൽ ദ്വിവേദിയുടെ പുതിയ പ്രസ്താവന പാകിസ്താനിൽ നിന്നുള്ള അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യയുടെ കടുത്ത നിലപാട് വീണ്ടും വ്യക്തമാക്കുന്നതായാണ് വിലയിരുത്തൽ.





