തൃശൂർ: കരിമണൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇടപെടലുകളും ഒത്തുതീർപ്പ് ശ്രമങ്ങളും നടന്നതായി ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ. എസ്.എഫ്.ഐ.ഒ. കേസിലെ അന്വേഷണം തടസപ്പെടുത്താൻ മുൻ എൽ.ഡി.എഫ് സർക്കാർ വലിയ നീക്കം നടത്തിയെന്നും സർക്കാർ മാറി യു.ഡി.എഫ് അധികാരത്തിലെത്തിയ ശേഷവും സ്ഥിതിയിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
സി.എം.ആർ.എല്ലിൻ്റെ നീക്കങ്ങൾ കോടതിയിൽ പരാജയപ്പെട്ടതായും നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഇ.ഡിക്ക് നീതി ലഭിച്ചിരുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കേസുമായി മുന്നോട്ടുപോകാൻ ഇ.ഡിക്ക് കോടതി അനുമതി നൽകിയതായും അദ്ദേഹം പറഞ്ഞു.
ഇ.ഡിയുടെ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പോലീസ് സംരക്ഷണം ലഭിച്ചില്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ ആസൂത്രിത ആക്രമണം നടന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. പിന്നീട് ഒത്തുതീർപ്പിൻ്റെ ഭാഗമായാണ് ചിലരെ അറസ്റ്റ് ചെയ്തതെന്നും പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് യു.ഡി.എഫ് സർക്കാരിൻ്റെ നിലപാട് പുറത്തായതെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പലരെയും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കോടതികളിൽ അസാധാരണ സംഭവങ്ങളാണ് നടന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. ജാമ്യാപേക്ഷകൾ എതിർക്കാൻ മതിയായ രേഖകളില്ലാതെയാണ് പ്രോസിക്യൂട്ടർമാർ ഹാജരായതെന്നും അദ്ദേഹം പറഞ്ഞു.
ഈ കേസിലെ പ്രതികൾ രക്ഷപ്പെടണമെന്നാണ് യു.ഡി.എഫിൻ്റെ ആഗ്രഹമെന്നും കേസ് ശരിയായ ദിശയിൽ മുന്നോട്ടുപോയാൽ നിലവിലെ സർക്കാരിലെ പല പ്രമുഖരും പ്രതിസന്ധിയിലാകുമെന്നും സുരേന്ദ്രൻ ആരോപിച്ചു. കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും സംസ്ഥാന പോലീസ് അന്വേഷിച്ചാൽ കേസ് ഫലപ്രദമായി തെളിയിക്കാൻ കഴിയില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തോടൊപ്പം ബിജെപി സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ, തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് എന്നിവരും ഉണ്ടായിരുന്നു.





