ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 6 മുതൽ 11 വരെ ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ മൂന്ന് രാജ്യങ്ങൾ സന്ദർശിക്കും. തന്ത്രപ്രധാന, സാമ്പത്തിക, ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ജനങ്ങൾ തമ്മിലുള്ള ബന്ധം ദൃഡമാക്കാനുമാണ് സന്ദർശനം.
ജൂലൈ 6 മുതൽ 8 വരെ ഇന്തോനേഷ്യയിൽ കഴിയുന്ന പ്രധാനമന്ത്രി പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയുമായി ഉഭയകക്ഷി ചർച്ച നടത്തും. ജക്കാർത്തയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനൊപ്പം യുനെസ്കോ ലോക പൈതൃക പട്ടികയിലുള്ള യോഗ്യകാർത്തയിലെ പ്രംബനൻ ക്ഷേത്ര സമുച്ചയവും സന്ദർശിക്കും.
തുടർന്ന് ജൂലൈ 8 മുതൽ 10 വരെ ഓസ്ട്രേലിയയിലെ മെൽബണിൽ പ്രധാനമന്ത്രി ആൻ്റണി അൽബനീസുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് പ്രധാനമന്ത്രി മോദി ഇന്ത്യ-ഓസ്ട്രേലിയ സി.ഇ.ഒ. ഫോറത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയൻ ഗവർണർ ജനറൽ സാം മോസ്റ്റിനെ സന്ദർശിക്കുമെന്നും ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.
ജൂലൈ 10 മുതൽ 11 വരെ ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ നടക്കുന്ന സന്ദർശനം നാല് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഔദ്യോഗിക ന്യൂസിലൻഡ് സന്ദർശനമായിരിക്കും. പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി ഉഭയകക്ഷി ചർച്ച നടത്തുന്ന മോദി, വ്യാപാരം, പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിലെ സഹകരണം വിലയിരുത്തും. കൂടാതെ പ്രമുഖ വ്യവസായ-കായിക രംഗത്തെ വ്യക്തികളുമായും ഇന്ത്യൻ പ്രവാസികളുമായും അദ്ദേഹം ആശയവിനിമയം നടത്തും.




