India News

പ്രളയത്തിൽ ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് ഹെലികോപ്റ്റർ വഴി സഹായം എത്തിച്ച് അരുണചാൽ സർക്കാർ

ഇറ്റാനഗർ: കനത്ത മഴയെ തുടർന്ന് ഉണ്ടായ മിന്നൽപ്രളയത്തിലും വൻ മണ്ണിടിച്ചിലിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ട അരുണാചൽ പ്രദേശിലെ ഗ്രാമങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിക്കാൻ ഹെലികോപ്റ്റർ വിന്യസിച്ച് സംസ്ഥാന സർക്കാർ.

ലോവർ സിയാങ് ജില്ലയിലെ റോട്ടെ, റാമെ, ലോഗ്ലു, ലിപിൻ, മാനെ, ടെനെ, സിപു, കക്കി, കഡു, റിന, സിഡോ, കോറാങ് എന്നീ ഗ്രാമങ്ങളാണ് പാലങ്ങൾ തകർന്നതോടെ ഒറ്റപ്പെട്ടു പോയത്.

വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ പ്രയാസകരമായ അവസ്ഥയിലാണ് ഹെലികോപ്റ്റർ വഴി അടിയന്തര സഹായങ്ങൾ എത്തിച്ചത്.

ലോവർ സിയാങ് ഡെപ്യൂട്ടി കമ്മിഷണറുടെ അടിയന്തര അഭ്യർഥനയെ തുടർന്ന് സംസ്ഥാന ഉടമസ്ഥതയിലുള്ള “സ്കൈവൺ എയർവേയ്സിന്റെ എംഐ-172 ഹെലികോപ്റ്റർ” ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യസഹായ സാമഗ്രികൾ എത്തിക്കുന്നതിനായി വിന്യസിച്ചതായി ഔദ്യോഗിക റിപ്പോർട്ടിൽ അറിയിച്ചു.

ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണെന്നും, റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *