Business Economy India News Politics

ഇന്ത്യ–ന്യൂസിലൻഡ് ബന്ധം; 35,000 കോടി രൂപയുടെ വ്യാപാരലക്ഷ്യം

ഓക്‌ലൻഡ്: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തന്ത്രപ്രധാന പങ്കാളിത്ത (Strategic Partnership) തലത്തിലേക്ക് മാറുന്നു. 2030 ആകുമ്പോഴേക്കും വാർഷിക ഉഭയകക്ഷി വ്യാപാരം 35,000 കോടി രൂപയായി ഇരട്ടിയാക്കാനും സമുദ്രസുരക്ഷാ സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും തമ്മിൽ ഓക്‌ലൻഡിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്കൊടുവിലാണ് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. സ്വതന്ത്രവും സമാധാനപരവും സുരക്ഷിതവും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖലയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.

ചർച്ചകളിൽ 18 സുപ്രധാന തീരുമാനങ്ങളാണ്ടായി. ഇതിൽ 10 കരാറുകളിൽ ഒപ്പുവെച്ചു. വിവിധ മേഖലകളിലെ സഹകരണം അടുത്ത നാല് വർഷത്തിനുള്ളിൽ വിപുലീകരിക്കുന്നതിനുള്ള റോഡ്‌മാപ്പിനും അംഗീകാരം നൽകിയിട്ടുണ്ട്.

സമുദ്രസുരക്ഷാ രംഗത്ത് ഹൈഡ്രോഗ്രാഫിക് വിവരങ്ങൾ പങ്കുവെക്കൽ, നാവികസേനകൾ തമ്മിലുള്ള ലോജിസ്റ്റിക്‌സ് സഹകരണം, ഇൻഡോ-പസഫിക് മേഖലയിലെ സമുദ്ര സഹകരണം ശക്തിപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ട മൂന്ന് പ്രധാന കരാറുകളും ഒപ്പുവെച്ചു.

സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) എത്രയും വേഗം നടപ്പാക്കുന്നതിലൂടെ ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി. കൂടാതെ, അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 20 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുമെന്ന് ന്യൂസിലൻഡ് പ്രഖ്യാപിച്ചു.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സമുദ്രസുരക്ഷ, ജനങ്ങൾ തമ്മിലുള്ള സഹകരണം തുടങ്ങിയ മേഖലകളിൽ പുതിയ തന്ത്രപ്രധാന പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും ബന്ധത്തിന് കൂടുതൽ ശക്തിപകരുമെന്നാണ് ഇരുനേതാക്കളും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *