സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് ശുചീകരണവും കൊതുകുനശീകരണവും ഉള്‍പ്പടെയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ്. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ക്ലാസ്മുറികള്‍തുറന്നു പൊടിയുംമാറാലയും മാറ്റി വൃത്തിയാക്കണം. പരിസരത്ത് പുല്‍ച്ചെടികള്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യുകയുംവേണം.
എലി, പാമ്പ്, വവ്വാല്‍ തുടങ്ങിയ ജീവികളുടെ സാന്നിധ്യം ഇല്ല എന്നുറപ്പു വരുത്തണം. കൊതുകപ്രജനന കേന്ദ്രങ്ങളുണ്ടെങ്കില്‍ നശിപ്പിക്കണം. ടെറസ്, സണ്‍ഷെയ്ഡ് തുടങ്ങിയവയിലെ മാലിന്യങ്ങള്‍ നീക്കംചെയ്ത് വെള്ളമൊഴുക്കികളയണം. ചെടിച്ചട്ടികളുടെ അടിയിലെപാത്രം, വാട്ടര്‍ കൂളറുകള്‍, എ.സി എന്നിവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നില്ല എന്നും ഉറപ്പാക്കണം.
ബയോഗ്യാസ് പ്ലാന്റ്, വാട്ടര്‍ ടാങ്ക് എന്നിവിടങ്ങളും കൊതുകിന് ഇടമാകരുത്. എല്ലാ വെള്ളിയാഴ്ചയും കൊതുകിന്റെ ഉറവിടനശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കുകയും വേണം. കിണറുകള്‍ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യണം. വെള്ളംശേഖരിക്കുന്ന ടാങ്കുകള്‍, ഫില്‍ട്ടറുകള്‍ എന്നിവ വൃത്തിയുള്ളതാകണം. വല ഉപയോഗിച്ച് കിണര്‍ മൂടി സംരക്ഷിക്കാം. കിണറുകളിലെ വെള്ളം പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തണം.
ശൗചാലയങ്ങള്‍ വൃത്തിയാക്കണം. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി അവയുണ്ടെന്ന് ഉറപ്പാക്കണം. സാനിറ്ററി നാപ്കിനുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കണം. പാചകപ്പുര, സ്റ്റോര്‍ എന്നിവ വൃത്തിഉറപ്പാക്കി പാചകതൊഴിലാളികള്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയുംവേണം. പുകയിലവിരുദ്ധ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്‌കൂള്‍ പരിസരത്ത് പ്രദര്‍ശിപ്പിക്കണം. അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കണം.