Health Kerala News

പനിക്ക് സ്വയം ചികിത്സ ഒഴിവാക്കുക: ആരോഗ്യ മന്ത്രി വീണാ ജോർജ്

  • ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം.
  • എലിപ്പനി, ഡെങ്കിപ്പനി പ്രതിരോധം പ്രാധാന്യത്തോടെ; തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പനിക്കു സ്വയം ചികിത്സയെ ആശ്രയിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. എലിപ്പനി, ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾക്കും ജലജന്യ രോഗങ്ങൾക്കും അതീവ ജാഗ്രത വേണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ആരോഗ്യ വകുപ്പും സർക്കാർ, സ്വകാര്യ ആശുപത്രികളും എലിപ്പനി സംശയമുള്ളവർക്കായി പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രിയുടെ നിർദേശമുണ്ട്. മലിന ജലത്തിലിറങ്ങുന്നവർ ഡോക്സിസൈക്ലിൻ ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകൾ നിർബന്ധമായും കഴിക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സമ്പർക്കം ഒഴിവാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

തിളപ്പിച്ച വെള്ളം മാത്രം കുടിക്കുകയും, സാലഡ്, ചട്നി, മോർ മുതലായവയിൽ ഉപയോഗിക്കുന്ന വെള്ളം തിളപ്പിച്ച് ആറിയതാകണം.

സംസ്ഥാനത്ത് രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്റ്റേറ്റ് ആർആർടി യോഗം ചേർന്ന് പൊതുസ്ഥിതിഗതികൾ വിലയിരുത്തി. തദ്ദേശസ്ഥാപന തലത്തിൽ പകർച്ചവ്യാധികൾക്കു പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താനും മന്ത്രി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *