തിരുവനന്തപുരം: പാറശാലയില്‍ കാമുകന്‍ ഷാരോണ്‍ രാജിനെ (23) കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മയ്ക്ക് (22) ശിക്ഷാവിധി ഇന്ന് ഇന്നുണ്ടാവില്ല. ശിക്ഷാവിധിയെക്കുറിച്ചുള്ള വാദം ഇന്ന് കോടതിയില്‍ നടക്കും. ശിക്ഷ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് വിവരം.
കേസില്‍ ഗ്രീഷ്മയ്ക്ക് പുറമെ തെളിവ് നശിപ്പിക്കാന്‍ സഹായിച്ച മൂന്നാം പ്രതിയായ അമ്മാവന്‍ നിര്മല്‍ കുമാര്‍ നായരും കുറ്റക്കാരനാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കി.
കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പോലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഗ്രീഷ്മയ്‌ക്കെതിരെ തെളിയിച്ചതായി പ്രോസിക്യൂഷന്‍ അറിയിച്ചു.
2022 ഒക്‌ടോബര്‍ 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്ഷങ്ങളായി ഷാരോണ്‍-ഗ്രീഷ്മ ബന്ധത്തിലായിരുന്നു. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന്, ഷാരോണിനെ ഒഴിവാക്കാനായാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തത്.
മുന്‍പ് ജൂസ് ചലഞ്ച് എന്ന പേരില്‍ പാരസെറ്റമോള്‍ കലര്‍ത്തിയ ജൂസ് നല്‍കിയെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീട് വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി. ഇതേത്തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട ഷാരോണ്‍ ചികിത്സയിലായിരുന്നു, പക്ഷേ 11 ദിവസത്തിന് ശേഷം മരിച്ചു.
ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകളും പ്രത്യേക അന്വേഷണ സംഘം സമാഹരിച്ച ശാസ്ത്രീയ തെളിവുകളുമാണ് കേസില്‍ നിര്‍ണായകമായത്. 2023 ജനുവരി 25 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.





