ഫേസ്‍ബുക്ക് പരിചയത്തിലൂടെ വിവാഹമോചിതയായ യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടുകാർക്ക് കാണണമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പൊതുമരാമത്ത് ഗസ്റ്റ് ഹൗസിൽ വെച്ച് പീഡിപ്പിച്ച കേസിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ഇടുക്കി ജില്ല കഞ്ഞിക്കുഴി പഴയാരിക്കണ്ടം വലിയവീട്ടിൽ സുധാകരൻ മകൻ അമൽ വി സുധാകരൻ (29 വയസ്സ്) എന്നവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി.പി. സെയ്തലവി ഉത്തരവായത്.
16.04.2025 തീയതിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹ മാധ്യമമായ ഫേസ്‍ബുക്ക് മുഖേന ആവലാതിക്കാരിയും പ്രതിയും സുഹൃത്തുക്കളാകുകയും തുടർന്ന് പ്രതി ആവലാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ആവലാതിക്കാരിയെ വിശ്വാസത്തിലെടുക്കുകയായിരുന്നു. പ്രതിയുടെ മാതാപിതാ ക്കൾക്കും ബന്ധുക്കൾക്കും ആവലാതിക്കാരിയെ കാണണമെന്നും ആയതിനായി ചാലക്കുടി പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയതിനുശേഷം പ്രതി, ആവലാതിക്കാരിയെ ലൈംഗികമായി പീഢിപ്പി ക്കുകയായിരുന്നു. ആവലാതിക്കാരിയുടെ പരാതിയിൽ ചാലക്കുടി പോലീസ്, സബ് ഇൻസ്പെക്ടറായ പ്രതിക്കെ തിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതി, ബഹു പ്രിൻസിപ്പൽ ജില്ലാ കോടതി മുമ്പാകെ മുൻകൂർ ജാമ്യപേക്ഷ ഫയൽ ചെയ്യുകയായിരുന്നു.
കേസ് ഫയലും രേഖകളും പരിശോധിച്ച കോടതി, കേസിന്റെ അന്വേഷണം പൂർത്തിയായിട്ടി ല്ലെന്നതും ആവലാതിക്കാരിയുടെ മജിസ്ട്രേട്ട് മുമ്പാകെയുള്ള സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തിയിട്ടില്ലെന്നതും പ്രതി സബ് ഇൻസ്പെക്ടർ പദവി വഹിക്കുന്നയാളാണ് എന്നത് പ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നതും പ്രതിക്ക് ജാമ്യം അനുവദിച്ചാൽ തന്റെ പദവി ദുരുപയോഗം ചെയ്ത് സാക്ഷികളെ സ്വാധീനിക്കുന്നതിന് സാധ്യത ഉണ്ടെന്നുള്ളതും കേസിലെ തെളിവുകൾ നശിപ്പിക്കുവാൻ സാധ്യതയുണ്ടെന്നും ആയതിനാല്‍ യാതൊരു കാരണവശാലും പ്രതിക്ക് ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് സെഷൻസ് കോടതി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഉത്തരവായത് .




