India News

കുംഭമേള:- ഗംഗയിൽ മലിനീകരണം വർദ്ധിക്കുന്നു; കോളിഫോം ബാക്ടീരിയയുടെ അളവ് ഉയർന്നതായി റിപ്പോർട്ട്


പ്രയാഗ് രാജ്: മഹാകുംഭമേളയുടെ പശ്ചാത്തലത്തിൽ ഗംഗാനദിയിൽ കോളിഫോം ബാക്ടീരിയയുടെ ഉയർന്ന അളവ് കണ്ടെത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. നദിയിലെ എല്ലാ ഭാഗങ്ങളിലും ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന് പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നു.

കോടിക്കണക്കിന് തീർഥാടകർ പുണ്യസ്നാനം നടത്തിയ ഗംഗാനദിയിൽ മലിനീകരണ നിരക്ക് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായുള്ള റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ചു. 100 മില്ലി ലിറ്റർ ജലത്തിൽ 2500 യൂണിറ്റ് കോളിഫോം ബാക്ടീരിയയാണ് പരമാവധി അനുവദനീയമായ അളവ്, എന്നാൽ പലയിടങ്ങളിലും ഈ പരിധി ലംഘിച്ചതായി യുപി മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് ചെയ്‌തു.

ജലപരിശോധനാ ഫലങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നുവെങ്കിലും, ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് ഇതിന് തയ്യാറായില്ല. ട്രൈബ്യൂണൽ ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് സുധീർ അഗർവാൾ, വിദഗ്ധ അംഗം എ. സെന്തിൽ വേൽ എന്നിവരടങ്ങിയ ബെഞ്ച് ബോർഡിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു.

ഗംഗാനദിയുടെ ജലനിലവാരം പരിപാലിക്കാനുള്ള ചുമതലയുള്ള യുപി മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി ബുധനാഴ്ച വെർച്വലായി ഹാജരാകണമെന്ന് ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *