ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ പനാമ പതാകയുള്ള ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് ജീവനക്കാരെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനുമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) മൂന്ന് കപ്പലുകൾ വിന്യസിച്ചു. 24 ജീവനക്കാരുമായി സഞ്ചരിച്ച എംവി ഓഷ്യൻ വിന്നർ എന്ന ബൾക്ക് കാരിയറാണ് ഒഡീഷയിലെ പാരദീപ് തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ ശനിയാഴ്ച മുങ്ങിയത്.
കപ്പലിൽ 20 ചൈനീസ് പൗരന്മാരും മൂന്ന് മ്യാൻമർ സ്വദേശികളും ഒരു ബംഗ്ലാദേശ് സ്വദേശിയും ഉൾപ്പെടെ 24 പേരാണ് ഉണ്ടായിരുന്നതെന്ന് ഐസിജി വക്താവ് അറിയിച്ചു.
പാരദീപായിരുന്നു കപ്പലിൻ്റെ അവസാന തുറമുഖമെന്നും അടുത്തതായി സിംഗപ്പൂരിലേക്കായിരുന്നു യാത്രയെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.
ജീവനക്കാരെ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനുമായി കോസ്റ്റ് ഗാർഡ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൻ്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.




