Culture Kerala News

ഗുരുവായൂരിൽ ചരിത്രം കുറിച്ച് വിവാഹ പൂരം

ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഉച്ചപൂജയ്ക്ക് നട അടക്കുന്നതു വരെ 412 വിവാഹങ്ങൾ നടന്നു. രാവിലെ 4.10ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ 11.25 വരെ തുടർന്നു. ഉഷ പൂജയ്ക്കായി രാവിലെ 5.47 മുതൽ 6.12 വരെയും പന്തീരടി പൂജയ്ക്കും ക്ഷേത്രനട അടച്ച സമയത്തൊഴികെ ബാക്കി നേരമെല്ലാം വിവാഹങ്ങൾ തുടർച്ചയായി നടന്നു.

പുലർച്ചെ നാലു പത്തോടെ ( 4.10 am) ക്ഷേത്രം കിഴക്കേ നടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി. തുടർന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹങ്ങൾ തുടങ്ങി.

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, എം.യു. ഷിനിജ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ, എം.രാധ, പി.ആർ.ഒ വിമൽ ജി നാഥ്, അസി. മാനേജർ എ.വി.പ്രശാന്ത്, ഹെൽത്ത് സൂപ്പർവൈസർ എം എൻ രാജീവ്, സെക്യുരിറ്റി സൂപ്പർ വൈസർ സുബ്രഹ്മണി എന്നിവർ ഉൾപ്പെടെ ജീവനക്കാരും കിഴക്കേ നടയിൽ സന്നിഹിതരായി.

ക്ഷേത്ര പരിസരത്തും ക്ഷേത്രനഗരിയിലും സുരക്ഷയൊരുക്കി ഗുരുവായൂർ എ സി പി സുരേന്ദ്രൻ മങ്ങാട്ട്, ടെമ്പിൾ സി ഐ ജയപ്രദീപ്, എസ്.ഐ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറിലേറെ സിവിൽ പോലീസുകാരും സേവനത്തിറങ്ങി. അടിയന്തിര ഘട്ടമുണ്ടായാൽ ഇടപെടാൻ ഫയർ ഓഫീസർ സജിത്ത് ലാലിൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും തയ്യാറായി ക്ഷേത്രം ഇന്നർ റിങ്ങ് റോഡിന് സമീപം സജ്ജരായിരുന്നു. നഗരസഭാധ്യക്ഷ സുനിത അരവിന്ദൻ, വൈസ് ചെയർമാൻ കെ.കെ.ജ്യോതിരാജ് എന്നിവരും കിഴക്കേ നടയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *