Education India News Politics

ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് വിദ്യാർത്ഥികൾ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

ലഖ്‌നൗ: ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്കുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. യുവതലമുറയ്ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവ് നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലഖ്‌നൗവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സംഘടിപ്പിച്ച ‘ഇലക്ടറൽ ലിറ്ററസി ക്ലബ്സ് (ELC 2.0) ആൻഡ് ECINET’ പ്രാദേശിക സമ്മേളനത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യത്തിൻ്റെ ഭാവി അവിടുത്തെ വിദ്യാർത്ഥികളാണെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ, വോട്ടർ രജിസ്ട്രേഷൻ, പോളിങ്, വോട്ടെണ്ണൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രവർത്തനം എന്നിവയെക്കുറിച്ച് യുവാക്കൾക്ക് അറിവുണ്ടാകണമെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.

‘Learn Democracy. Lead Democracy.’ എന്ന സന്ദേശവുമായി ELC 2.0 പദ്ധതിയിലൂടെ സ്കൂളുകളിലും കോളജുകളിലും സർവകലാശാലകളിലും തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകൾ ശക്തിപ്പെടുത്തും. യുവാക്കളെയും കന്നി വോട്ടർമാരേയും ജനാധിപത്യ പ്രക്രിയയിൽ അറിവുള്ള ഉത്തരവാദിത്ത പൌരന്മാരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിൻ്റെ സുതാര്യതയും വിശ്വാസ്യതയും സംബന്ധിച്ച അവബോധം യുവാക്കളിൽ വളർത്തുന്നതിലും ELC 2.0 പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *