ഭുവനേശ്വർ: മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെൻ്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ (MMDR ബിൽ) പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒഡിഷയിൽ ഇന്ത്യാ സഖ്യ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം. ഭുവനേശ്വറിൽ നടന്ന പ്രതിഷേധത്തിൽ നേതാക്കൾ പന്തംകൊളുത്തി പ്രകടനം നടത്തി.
കോൺഗ്രസ്, സി.പി.ഐ (എം), സി.പി.ഐ, സി.പി.ഐ (എംഎൽ) ലിബറേഷൻ, ഫോർവേഡ് ബ്ലോക്ക്, എൻ.സി.പി, സമാജ്‌വാദി പാർട്ടി തുടങ്ങിയ കക്ഷികളുടെ നേതാക്കളാണ് തിങ്കളാഴ്ച മാസ്റ്റർ കാൻ്റീൻ സ്ക്വയറിൽ പ്രതിഷേധവുമായി ഒത്തുകൂടിയത്.
പാർലമെൻ്റി. അടുത്തിടെ MMDR ഭേദഗതി ബിൽ പാസാക്കിയപ്പോൾ ഒഡിഷയിൽ നിന്നുള്ള ബിജെപിയുടെ 20 എംപിമാർ മൗനം പാലിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതിൻ്റെ ഭാഗമായി ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെയും ബിജെപി എംപിമാരുടെയും കോലം പ്രതിഷേധക്കാർ കത്തിച്ചു.
അതേസമയം, കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകളെ പിന്തുണച്ച് ഒഡിഷ സ്റ്റീൽ ആൻഡ് മൈൻസ് മന്ത്രി ബി.ബി. ജേന രംഗത്തെത്തി. ഇന്ത്യാ സഖ്യ നേതാക്കളും പ്രതിപക്ഷമായ ബിജു ജനതാദളും (ബിജെഡി) വിഷയത്തിൽ ഒഡിഷയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.





