ലഖ്നൗ: ബൂത്ത് ലെവൽ ഓഫീസർമാർ (BLO) ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിൻ്റെ അടിത്തറയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ലഖ്നൗവിൽ ഉത്തർപ്രദേശിലെ ബിഎൽഒമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500ലധികം ബിഎൽഒമാരും 30 ബിഎൽഒ സൂപ്പർവൈസർമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷനും പൗരന്മാർക്കും ഇടയിലെ ആദ്യ കണ്ണിയായി പ്രവർത്തിക്കുന്നവരാണ് ബിഎൽഒ. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വിശ്വാസവും സുതാര്യതയും ഉറപ്പാക്കുന്നതിൽ അവർ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ഗ്യാനേഷ് കുമാർ ചൂണ്ടിക്കാട്ടി.
ഭരണഘടന, നിയമം, തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശങ്ങൾ എന്നിവ കർശനമായി പാലിച്ചാണ് വോട്ടർപട്ടിക തയ്യാറാക്കുന്നതും തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രിലിൽ ഉത്തർപ്രദേശിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) പൂർത്തിയായതിന് പിന്നാലെ അന്തിമ വോട്ടർപട്ടികയിൽ 13.39 കോടിയിലധികം വോട്ടർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 1.77 ലക്ഷം ബിഎൽഒമാരാണ് നടപടികൾ പൂർത്തിയാക്കിയത്. അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നിയോഗിച്ച 5.82 ലക്ഷത്തിലധികം ബൂത്ത് ലെവൽ ഏജൻ്റുമാരുടെ മേൽനോട്ടവും ഉണ്ടായിരുന്നു.
യോഗത്തിൽ ബിഎൽഒമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുമായി നേരിട്ട് സംവദിക്കാനും തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിക്കാനും അവസരം ലഭിച്ചു.





