ന്യൂഡൽഹി: ഓണത്തോടനുബന്ധിച്ച് കേരളത്തിലെയും രാജ്യത്തിനകത്തും വിദേശത്തുമുള്ള മലയാളികൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ആശംസകൾ നേർന്നു.
പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കുന്ന അവസരമാണ് ഓണമെന്നും നമ്മുടെ സമ്പന്നമായ സംസ്കാരവും സഹോദര്യവും ആഘോഷിക്കുന്ന ഉത്സവമാണിതെന്നും രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.
വൈവിധ്യത്തിൽ ഏകത്വം എന്ന ആശയം ഓണം ഉയർത്തിപ്പിടിക്കുന്നതായും വള്ളംകളി, നാടൻ കലാരൂപങ്ങൾ, സംഗീതം, കായിക മത്സരങ്ങൾ തുടങ്ങിയവ കേരളത്തിൻ്റെ സംസ്കാരവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന പ്രധാന ഓണാചാരങ്ങളാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഓണം എല്ലാവർക്കും സന്തോഷവും സമാധാനവും ആരോഗ്യവും സമൃദ്ധിയും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിൻ്റെ പുരോഗതിക്കായി സംഭാവന ചെയ്യാൻ ഓണം പൗരന്മാരെ പ്രചോദിപ്പിക്കട്ടെയെന്നും അവർ ആശംസിച്ചു.





